തെരുവുനായ്ക്കളുടെ വിലപോലുമില്ലാതെ..... മനുഷ്യജീവന്‍

Homeതെരുവുനായ്ക്കളുടെ വിലപോലുമില്ലാതെ..... മനുഷ്യജീവന്‍

തെരുവുനായ്ക്കളുടെ വിലപോലുമില്ലാതെ..... 
 
മനുഷ്യജീവന്‍
 
ഫാ. പോള്‍ മാടശ്ശേരി
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍
 
വര്‍ഷങ്ങള്‍ക്കുമുമ്പ് ഗര്‍ഭച്ഛിദ്രത്തിലൂടെ ഒഴിവാക്കപ്പെട്ട ഒരു പെണ്‍കുഞ്ഞിനെ കുപ്പത്തൊട്ടിയില്‍നിന്നെന്നവണ്ണം എടുത്തുവളര്‍ത്തിയ ആലപ്പുഴ ജില്ലയിലെ കറ്റാനം സ്വദേശി  ഇന്ദിര എന്ന സ്ത്രീയെക്കുറിച്ചും 22 കാരിയായ കീര്‍ത്തി എന്ന അവരുടെ വളര്‍ത്തുമകളെക്കുറിച്ചുമുളള മാധ്യമവാര്‍ത്തയ്ക്കു മുന്നില്‍ ഇരുന്നാണ് ഞാന്‍ ഇതെഴുതുന്നത്. 
ഗര്‍ഭധാരണനിമിഷം മുതല്‍ സ്വഭാവിക അന്തം വരെ മനുഷ്യജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. സനാതന മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. എന്നാല്‍ മനുഷ്യജീവന്‍ ഏറ്റവും ദുര്‍ബ്ബലവും നിസഹായവും നിഷ്കളങ്കവുമായ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല ചെയ്യപ്പെടുന്നു. അധികമാരെയും ഇത് അലോസരപ്പെടുത്തുന്നില്ല. കാരണം അത്രയേറെ നമ്മുടെ ധാര്‍മിക മനസാക്ഷി മരവിച്ചു പോയിരിക്കുന്നു. 
ലോകരാജ്യങ്ങള്‍ നിയമം വഴി ഗര്‍ഭച്ഛിദ്രത്തിന് സാഹചര്യമൊരുക്കിയിരിക്കുന്നു. അതു വഴി ലോകത്തില്‍ പ്രതിദിനം ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ ഗര്‍ഭച്ചിദ്രങ്ങള്‍ നടക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയില്‍തന്നെ മുപ്പത്തിയയ്യായിരത്തിനും നാല്പ്പത്തിയയ്യായിരത്തിനും ഇടയിലാണ്. 1500 നും 3500 നും ഇടയ്ക്ക് കേരളത്തിലും നടക്കുന്നു. നല്ലൊരു പങ്ക് രേഖപ്പെടുത്താതെയും രഹസ്യമായും നടത്തപ്പെടുന്നു. കൃത്യനമ്പര്‍ എത്രയോ വലുതാണ്.
ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുളള ഗര്‍ഭച്ഛിദ്രനിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഭേദഗതിബില്‍ ഉടനെതന്നെ പാര്‍ലമെന്‍റില്‍ കൊണ്ടുവരുവാന്‍ ഒരുങ്ങുന്നു. അടുത്ത ഏതു പാര്‍ലമെന്‍റ് സമ്മേളനത്തിലും ഇത്തരത്തില്‍ ഒരു പരിഷ്കരണ ബില്‍ നമുക്ക് പ്രതീക്ഷിക്കാം. ജീവനെതിരായ ആക്രമണങ്ങള്‍ക്ക് ഉദാരതയോടെ നിയമപ്രാബല്യം നല്‍കാന്‍ ഒരുങ്ങുന്ന നമ്മുടെ ഭരണകൂടം യഥാര്‍ത്ഥത്തില്‍ മരണനാഗരീകതയെയാണ്  പ്രോത്സാഹിപ്പിക്കുന്നത്.  ഗര്‍ഭസ്ഥശിശുക്കളെ ഉന്മൂലനം ചെയ്യുന്നത് തെറ്റായി കാണാത്ത സാഹചര്യ ധാര്‍മികത  പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്. 
മനുഷ്യജീവന് അല്‍പ്പംപോലും വില കല്‍പ്പിക്കാത്ത രാജ്യമായി മാറിയിരിക്കുന്നു ഇന്ന് ഇന്ത്യ. ഇവിടെ വിലയുളളത് പട്ടിക്കും പശുവിനും കുരങ്ങനുമൊക്കെയാണ.് മനുഷ്യജീവന്‍റെ സംരക്ഷണത്തിനായി ശബ്ദം ഉയര്‍ത്താന്‍ ഈ രാജ്യത്ത് അധികം ആരുമില്ല. അതേസമയം ഒരു പട്ടിയെയോ പശുവിനെയോ കുരങ്ങിനെയോ കൊല്ലുകയാണെങ്കില്‍ ഇവിടെ എന്തൊക്കെ സംഭവിക്കുമായിരുന്നു. ചുരുക്കത്തില്‍ ഇന്ത്യ മൃഗങ്ങളുടെ രാജ്യമായി മാറിയിരിക്കുന്നു എന്നുപറഞ്ഞാല്‍ അത് അതിശയോക്തി ആകില്ല. 
 
ഈ അടുത്തദിവസങ്ങളിലെ ഗര്‍ഭച്ഛിദ്രത്തെകുറിച്ചുളള ബോംബെ ഹൈക്കോടതിവിധി ഏറെ ആശങ്കാജനകമാണ്. തടവറയിലെ ഒരു സ്ത്രീയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഗര്‍ഭസ്ഥശിശുവിനെ സ്വീകരിക്കാനുളള മാനസികാവസ്ഥ സ്ത്രീക്ക് ഇല്ലായെങ്കില്‍ ഗര്‍ഭധാരണത്തിന്‍റെ ഏതുഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നടത്താമെന്ന കോടതിവിധി ഏറെ നിര്‍ഭാഗ്യകരമായിപോയി. പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ബോംബെ ഹൈക്കോടതിയുടെ ഈ വിധി എങ്കിലും നിലവിലുളള കേന്ദ്ര നിയമങ്ങള്‍ക്കും ധാര്‍മ്മിക നിയമങ്ങള്‍ക്കും ഇത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ഇതൊരു പൊതുതത്വമായി പരിഗണിച്ചാല്‍ അത് രാഷ്ട്രത്തിന്‍റെ അടിസ്ഥാനഘടകമായ കുടുംബത്തിനും സമൂഹജീവിതക്രമത്തിനുതന്നെയും കടുത്ത ഭീഷണിയാകും. 
 
ങഠജ ആക്ട് ഭേദഗതി
കര്‍ശനമായ വ്യവസ്ഥകളോടെ ഗര്‍ഭച്ഛിദ്രം അനുവദിക്കപ്പെടുന്ന നിയമം (ങലറശരമഹ ഠലൃാശിമശേീി ീള ജൃലഴിമിര്യ അരേ) 1971 ല്‍ ഇന്ത്യയില്‍ നിലവില്‍ വന്നു. ഈ നിയമമനുസരിച്ച് 12 ആഴ്ച വരെ പ്രായമുളള ഗര്‍ഭസ്ഥശിശുവിനെ അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകുകയോ ബലാല്‍സംഗത്തിന് വിധേയയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് ഗര്‍ഭധാരണം മാനസിക തകര്‍ച്ചയ്ക്ക് ഇടയാക്കുകയോ ഗര്‍ഭം സ്ത്രീയുടെ ജീവനു ഭീഷണിയാകുകയോ ചെയ്താല്‍ ഭ്രൂണഹത്യക്ക് അംഗീകാരമുളള ആശുപത്രിയില്‍ ഭ്രൂണഹത്യ നടത്താമത്രേ. എന്നാല്‍ ഇന്ന് പരിഷ്കരണത്തിന്‍റെ പേരില്‍ അതിനെ അങ്ങേയറ്റം ഉദാരവത്കരിച്ചുകൊണ്ടുളള ഭേദഗതി ബില്‍ സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നു. ഇതിനെ സംബന്ധിച്ച് പൊതുജനാഭിപ്രായം അറിയിക്കാനായി കേന്ദ്ര മന്ത്രാലയം 2014 നവംബര്‍ മാസത്തില്‍ വാര്‍ത്ത വെബ്സൈററില്‍ പ്രസിദ്ധീകരിച്ചെങ്കിലും പൊതുജന നിര്‍ദ്ദേശങ്ങളൊന്നും കാര്യമായി പരിഗണിക്കാതെ കരട് രേഖ കൂടുതല്‍ ഉദാരവത്കരിക്കുകയാണ് ചെയ്തിട്ടുളളത്. ഇനി നടക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. പരിഷ്കരിച്ചു എന്നവകാശപ്പെടുന്ന ബില്ലില്‍ താഴെപറയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
1 ഗര്‍ഭത്തിന്‍റെ പ്രായം 24 ആഴ്ച വരെ അതായത് 6 മാസം വരെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്നു. ഈ പ്രായത്തില്‍ ഒരു കുഞ്ഞു പിറന്നാല്‍ അതിന് പ്രത്യേക സാഹചര്യത്തില്‍ പുറത്ത് വളരാന്‍ കഴിയുമെന്ന് നാം ഓര്‍ക്കണം.
2 അലോപ്പതി ഡോക്ര്‍മാര്‍ക്കു പുറമേ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മിഡ് വൈഫ് നേഴ്സുമാര്‍ക്കുപോലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവാദം നല്‍കുന്നു.  ഡോക്ടര്‍മാരുടെ കുറവ് നികത്താന്‍ ശാസ്ത്രീയമായ ശസ്ത്രക്രിയ സമ്പ്രദായമില്ലാത്ത മറ്റ് മേഖലകളിലേയ്ക്ക് ഗര്‍ഭച്ഛിദ്രത്തിനുളള അനുമതി നല്‍കുകയെന്നത് അതിഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കും.  മാതൃമരണനിരക്ക് ഉയരാനുളള കാരണങ്ങളിലൊന്ന് അശാസ്ത്രീയമായി നടത്തുന്ന ഗര്‍ഭം അലസിപ്പിക്കല്‍ രീതികള്‍ തന്നെയാണെന്ന് നാം ഓര്‍ക്കണം. ഇത്തരത്തില്‍ ഒരു ഭേദഗതി നിയമം നടപ്പില്‍വന്നാല്‍ ഗര്‍ഭച്ഛിദ്രം മൂലം മരണമടയുന്ന അമ്മമാരുടെയും ശിശുക്കളുടെയും എണ്ണം എത്ര ഇരട്ടിയാകും. 
3 കുഞ്ഞിന്‍റെയോ അമ്മയുടെയോ അനാരോഗ്യം പരിഗണിച്ച് ഗര്‍ഭത്തിന്‍റെ ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കുന്നു. നിസാര കാരണങ്ങള്‍ക്കുപോലും ഗര്‍ഭച്ഛിദ്രം നടത്തുന്നവരുടെ എണ്ണംപെരുകാന്‍ ഇത് ഇടയാക്കും. മനുഷ്യജീവനോടുളള കൊടും ക്രൂരതയാണ് ഈ ബില്‍.
ഇത്തരത്തിലൊരു ഭേദഗതി ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ച സംഭവമിതാണ്. നികേത മേത്ത എന്ന സ്ത്രീ 2005 ആഗസ്റ്റില്‍ ഹൈക്കോടതിയില്‍ തന്‍റെ ഹൃദയസംബന്ധമായ രോഗമുളള ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേസ് കൊടുത്തു. കോടതി അതിനനുവദിച്ചില്ല. അന്ന് മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു അത്. എന്നാല്‍ 24 ആഴ്ചവരെ മാത്രമല്ല ഗര്‍ഭധാരണത്തിന്‍റെ  ഏതു ഘട്ടത്തിലും ഗര്‍ഭച്ഛിദ്രം നടത്താന്‍ ബില്‍ ശുപാര്‍ശചെയ്യുന്നു.
അബോര്‍ഷന്‍ ആദായമാര്‍ഗമായി സ്വീകരിച്ചിട്ടുളള ചില ഡോക്ടര്‍മാര്‍ പറയുന്നതുപോലെ ഭ്രൂണം വെറുമൊരു നിര്‍ജ്ജീവ വസ്തുവല്ല. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ശിശു ഒരു അത്ഭുത പ്രതിഭാസമാണ്. ബീജസങ്കലനത്തിനുശേഷം ഏകദേശം 15-21 ദിവസമാകുമ്പോഴേക്കും കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് തുടങ്ങും . 4 ആഴ്ച ആകുമ്പോഴേക്കും ശിരസ്സ്, ഉടല്‍, പൊക്കിള്‍ക്കൊടി എന്നിവ രൂപപ്പെടുകയും ചെയ്യുന്നു. വെറു ഒന്നര മാസം പ്രയമുളള ഒരു ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന് തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. കുഞ്ഞിന്‍റെ ബുദ്ധി അപ്പോഴേക്കും വികസിച്ചു തുടങ്ങി. കൈകാലുകള്‍ രൂപപ്പെട്ടുവരുന്നു. ഉരുവായി വെറും എട്ടാഴ്ച കഴിയുമ്പോഴേക്കും കുഞ്ഞിന്‍റെ  എല്ലാ അവയവങ്ങളും രൂപപ്പടുന്നു. പിന്നീടുളളത് വളര്‍ച്ചയുടെ ഘട്ടങ്ങളാണ്. നാമോരുത്തരേയും പോലെ ജീവിക്കാന്‍ അവകാശവും ആഗ്രഹവും ഉളള ഒരു മനുഷ്യജീവനെയാണ് ഭ്രൂണഹത്യഎന്നപേരില്‍ കൊന്നൊടുക്കുന്നത്. ജോണ്‍പോള്‍ മാര്‍പാപ്പ ഓര്‍മ്മപ്പെടുത്തുന്നു. ബീജ സങ്കലനം നടക്കുന്ന സമയം മുതല്‍ ഒരു പുതിയ ജീവന്‍ തുടങ്ങുന്നു. അത് ഒരു മനുഷ്യജീവയുടെ സ്വന്തം വളര്‍ച്ചയോടുകൂടിയ ജീവനാണ്. അപ്പോള്‍തന്നെ അത് മാനുഷികമല്ലായെങ്കില്‍ പിന്നൊരിക്കലും അത് മാനഷികമാവുകയില്ല. മനുഷ്യജീവി ഗര്‍ഭധാരണത്തിന്‍റെ നിമിഷം മുതല്‍ ഒരു വ്യക്തിയെന്ന നിലയില്‍ ആദരിക്കപ്പെടുകയും ബഹുമാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം.  അതുകൊണ്ട് ആ നിമിഷം മുതല്‍ ഒരു വ്യക്തി എന്നനിലയില്‍ അതിന് അവകാശങ്ങള്‍ അംഗീകരിക്കപ്പെടണം. ഭൂമിയില്‍ പിറന്നുവീണ ഒരു ശിശുവിനെ വധിക്കാന്‍ പാടില്ലെങ്കില്‍ ആ ശിശുവിനെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല. 
ധാര്‍മികതയ്ക്ക് ഊന്നല്‍ നല്‍കണം
ജനാധിപത്യ വ്യവസ്ഥിതി ധാര്‍മിക നിയമത്തിന് ഊന്നല്‍ നല്‍കണം. സമൂഹമനസാക്ഷിയുടെ നിരന്തരമായ അന്ധതാവല്‍ക്കരണത്തിന്‍റെ ഫലമായി ധാര്‍മിക തത്വങ്ങളെ  അവഗണിച്ചാല്‍ അത് ജനാധിപത്യസമ്പ്രദായത്തിന്‍റെതന്നെ അടിത്തറ ഇളകാന്‍ കാരണമാകും. - അതിനാല്‍ മനുഷ്യജീവിയുടെ തനി സത്വത്തില്‍നിന്നു വരുന്നതും വ്യക്തിയുടെ മഹത്വം പ്രകാശിപ്പിക്കുകയും കാത്തു സൂക്ഷിക്കുകയും ചെയ്യുന്നതുമായ മാനുഷിക മൂല്യങ്ങളെ അംഗീകരിക്കുകയും, ആദരിക്കുകയും, വളര്‍ത്തുകയും വേണം. ഇത് സമൂഹത്തിന്‍റെ നല്ല ഭാവിയ്ക്കും ജനാധിപത്യത്തിന്‍റെ വികസനത്തിനും അത്യാവശ്യമാണ്. 
ഭേദഗതി ബില്ലില്‍നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണം
നിയമത്തില്‍ മാറ്റമുണ്ടായാലേ ഗര്‍ഭച്ഛിദ്രം കുറയൂ. മൗലീക അവകാശങ്ങളില്‍ ഏറ്റവു പ്രധാനപ്പെട്ടത് ഒരു മനുഷ്യന് ജീവിക്കാനുളള  അവകാശമാണ്. അത് ഇല്ലാതാക്കാന്‍ രാഷ്ട്രത്തിന് അവകാശമില്ല. മനുഷ്യവകാശങ്ങളെ ലംഘിക്കത്തക്കരീതിയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്‍റ് അതിന്‍റെ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെടുകയാണ്. ജീവിക്കാനുളള അവകാശമാണ് മറ്റെല്ലാ അവകാശങ്ങളുടെയും ഉറവിടം. അതാണ് മൗലീകമായിട്ടുളളത്. ഗര്‍ഭച്ഛിദ്രം വഴി നിഷ്കളങ്കരായ മനുഷ്യജീവികളെ നേരിട്ടു കൊല്ലുന്നത് നിയമുനൃതമാക്കുന്ന രാഷ്ട്രനിയമങ്ങള്‍ ജീവിക്കാനുളള വ്യക്തിയുടെ അവകാശത്തോടുളള കടന്നാക്രമണമാണ്. അതിനാല്‍ ഗര്‍ഭച്ഛിദ്രം നിയമം റദ്ദു ചെയ്യാനുളള പരിശ്രമമാണ് അനുപേക്ഷണീയമായി നടക്കേണ്ടത്.