കുടുംബപ്രഷിതത്ത്വം : കേരള കത്തോലിക്കാസഭയില്‍

Homeകുടുംബപ്രഷിതത്ത്വം : കേരള കത്തോലിക്കാസഭയില്‍

കുടുംബത്തെക്കുറിച്ചു ചിന്തിക്കുന്ന ഈ അവസരത്തില്‍ കേരളത്തിലെ കത്തോലിക്കാകുടുംബങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ കീഴില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടേയും കുടുംബ ശുശ്രൂഷാ ഏകോപനത്തിനായി പ്രവര്‍ത്തിക്കുന്ന കെസിബിസി ഫാമിലി കമ്മീഷന്‍റെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കാനാണ് ഈ ലേഖനത്തില്‍ ശ്രമിക്കുന്നത്. 
വിവാഹം എന്ന കൂദാശ
    കുടുംബത്തിന്‍റെ ആരംഭം വിവാഹത്തിലാണ്. വിവാഹത്തെ നിര്‍വചിക്കുമ്പോള്‍ ആദ്യം വരുന്ന ചിന്ത അതൊരു കൂദാശയാണെന്നതാണ്. കൂദാശകളെല്ലാം അടയാളങ്ങളാണ്. മനുഷ്യരിലേക്കൊഴുകിയെത്തുന്ന ദൈവീക ജീവനായ വരപ്രസാദത്തെ സൂചിപ്പിക്കുകയും നല്കുകയും ചയ്യുന്ന അടയാളങ്ങള്‍. കൂദാശയെന്ന യാഥാര്‍ത്ഥ്യം മാറ്റി നിര്‍ത്തി രണ്ടു വ്യക്തികള്‍ തമ്മിലുള്ള ഉടമ്പടിയെന്നനിലയില്‍ വിവാഹത്തെകാണുന്ന എല്ലാ സംവിധാനങ്ങളോടും കത്തോലിക്കാ സഭയ്ക്കു വിയോജിപ്പാണുള്ളത്. 
    മരണംവരെ വേര്‍പിരിയാനാകാത്തവിധം ഒരു ക്രൈസ്തവ പുരുഷനെയും ക്രൈസ്തവ സ്ത്രീയെയും നിയമാനുസൃതം ബന്ധിപ്പിക്കുന്നതും അവര്‍ നിര്‍മലരായി സ്നേഹിക്കുന്നതിനും  അവര്‍ക്കുണ്ടാകുന്ന മക്കളെ പുണ്യത്തില്‍ വളര്‍ത്തുന്നതിനും വേണ്ട വരപ്രസാദം നല്കുന്ന കൂദാശയാണ് വിവാഹം. വിവാഹം എന്ന കൂദാശ നല്കുന്ന പ്രത്യേക വരപ്രസാദം പരസ്പരം വേര്‍പിരിയാനാകാത്ത വിധം ജീവിക്കുന്നതിനും നിര്‍മലമായി സ്നേഹിക്കുന്നതിനും സ്നേഹത്തിന്‍റെ പൂര്‍ണതയില്‍ കുട്ടികളെ ജനിപ്പിക്കുന്നതിനും കുട്ടികളെ വിശ്വാസത്തില്‍ വളര്‍ത്തുന്നതിനും വേണ്ട വരപ്രസാദമാണ്.  
വിവാഹത്തിന്‍റെ അവിഭാജ്യത
     ഏതെങ്കിലും കാരണത്താല്‍  വിവാഹമോചനം അനുവദനീയമാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുമ്പോള്‍ കര്‍ത്താവ് അവരുടെ ശ്രദ്ധ ക്ഷണിക്കുന്നത് ആദി മുതല്‍ എങ്ങനെയായിരുന്നു എന്നതിലേക്കാണ്. പറുദീസായിലെ ആദ്യകുടുംബം ദൈവത്താല്‍ സംയോജിക്കപ്പെട്ടതാണെന്നും ഇനി മുതല്‍ അവര്‍ ഒറ്റ ശരീരമായിത്തീരും എന്നു ദൈവം കല്പിച്ചതാണെന്നും പറഞ്ഞുകൊണ്ടാണ് ദൈവം യോജിപ്പിച്ചതിനെ മനുഷ്യന്‍ വേര്‍പെടുത്തരുതെന്ന് അവിടുന്നു പഠിപ്പിക്കുന്നത്. 
    വിവാഹത്തിന്‍റെ അവിഭാജ്യതയെപ്പറ്റി സഭ പഠിപ്പിക്കുമ്പോള്‍ ആധുനിക സമൂഹം വിവാഹത്തിന്‍റെ ആവശ്യകതതന്നെ ചോദ്യം ചെയ്യുന്നു. വിവാഹത്തിന്‍റെ അന്തഃസത്ത ചോര്‍ത്തിക്കളയുന്നവിധത്തില്‍ വിവാഹം കൂടാതെയുള്ള ഒത്തുവാസവും സുഹൃദ്ബന്ധങ്ങളിലെ ലൈംഗികവേഴ്ചയും പോലുള്ള പുതിയ രീതികള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇവിടെ വിവാഹത്തിന്‍റെ പാവനത ഗൗരവമായി പഠിപ്പിക്കേണ്ടിയിരിക്കുന്നു. അതിനായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും സഭ കണ്ടെത്തുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. 
വിവാഹ ഒരുക്ക സെമിനാര്‍
    കുട്ടികള്‍ക്കു നല്കുന്ന പ്രാഥമിക കാറ്റിക്കിസം അഭ്യാസത്തിനുശേഷം ഗൗരവമായി വിശ്വാസപരിശീലനം കൊടുക്കാന്‍ നമുക്കുള്ള വേദി വിവാഹ ഒരുക്ക സെമിനാറുകളാണ്. കുടുംബ ജീവിതത്തെപ്പറ്റി പൂര്‍ണമായ അറിവു നല്കാനുതകുംവിധം എല്ലാ വിഷയങ്ങളും ഉള്‍പ്പെടുന്ന സമഗ്രമായ പഠനങ്ങളാണ് വിവാഹ ഒരുക്ക സെമിനാറുകളില്‍ നല്കി വന്നിരുന്നത്. കോവിഡിനു തൊട്ടുമുമ്പുള്ള കാലഘട്ടമായ 2019 കലണ്ടര്‍ വര്‍ഷത്തില്‍ സംസ്ഥാനമൊട്ടാകെയായി 305 കോഴ്സുകളാണ് സംഘടിപ്പിക്കപ്പെട്ടത്. പിറ്റേകൊല്ലം 286 കോഴ്സുകള്‍ അനൗണ്‍സ് ചെയ്തെങ്കിലും പലതും പ്രായോഗികതലത്തിലേക്കെത്തിക്കാനായില്ല. ഒരു കോഴ്സില്‍ 150/200 പേര്‍ പങ്കെടുക്കുന്നുവെന്നതാണ് ഏകദേശകണക്ക്. 
    വിവാഹത്തിനൊരുങ്ങുന്നവര്‍ക്ക് കേരളത്തിലെ ഏതു കത്തോലിക്കാ രൂപത നടത്തുന്ന കോഴ്സിലും പങ്കെടുക്കാന്‍ അനുമതിയുണ്ട്. വിഷയത്തില്‍ അവഗാഹമുള്ള പണ്ഡിതരായ പുരോഹിതര്‍, സന്യസ്ഥര്‍, കുടുംബപ്രേഷിതര്‍, ഡോക്ടര്‍മാര്‍, നേഴ്സുകള്‍ തുടങ്ങിയവരാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. കോഴ്സുകള്‍ക്കു സഹായമാകുന്ന ടെക്സ്റ്റ് ബുക്കുകള്‍ കെസിബിസി ഫാമിലി കമ്മീഷന്‍ തയ്യാറാക്കി രൂപതാ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുന്നു. ഇത്തരം കോഴ്സുകളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റില്ലാതെ സാധാരണഗതിയില്‍ കത്തോലിക്കാ മുറപ്രകാരം വിവാഹം ആശീര്‍വദിക്കാറില്ല. നല്ല വിധത്തില്‍ ഗൗരവമായ അടുത്ത ഒരുക്കം വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കള്‍ക്കു നല്കാന്‍ ഇത്തരം കോഴ്സുകളിലൂടെ കത്തോലിക്കര്‍ക്കു സാധിക്കുന്നു. 
    വ്യക്തികളെ വിവാഹത്തിനു പ്രാപ്തരാക്കാനുതകുന്ന അകന്ന ഒരുക്കം എന്നനിലയില്‍ ടീനേജില്‍പെട്ട കുട്ടികള്‍ക്കു തങ്ങളുടെ ശരീരത്തെ മനസിലാക്കാനുതകുന്ന ലൈംഗിക വിദ്യാഭ്യാസം ഇടവകാതലത്തില്‍ നടത്തുന്നതിന് കെസിബിസി ഫാമിലി കമ്മീഷന്‍ നേതൃത്വം നല്കുന്നു. അതിനായി സമഗ്ര പഠനം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ടെക്സ്റ്റ് ബുക്ക് കെസിബിസി തലത്തില്‍ തയ്യാറാക്കി രൂപതകള്‍ക്കു ലഭ്യമാക്കുന്നു. 
    കോവിഡനന്തര കാലത്ത് വിവാഹ ഒരുക്ക സെമിനാറുകള്‍ പുനഃസംഘടിപ്പിക്കപ്പെട്ടതിനെക്കുറിച്ച് രൂപതാ ഡയറക്ടര്‍മാര്‍ തന്ന റിപ്പോര്‍ട്ടനുസരിച്ച് 16 രൂപതകളാണ് അതു നേരിട്ടു നടത്തിക്കൊണ്ടിരിക്കുന്നത്.  മറ്റു രൂപതകള്‍ ീിഹശില കോഴ്സുകള്‍ അടുത്തുതന്നെ അവസാനിപ്പിച്ച് രണ്ട്/മൂന്നുദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന വിവാഹ ഒരുക്ക സെമിനാറുകള്‍ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ഡിസംബറിലെ കെസിബിസിക്കുശേഷം നടത്തിവരുന്നു.  
മൂകബധിരര്‍ക്കായുള്ള ശുശ്രൂഷ
    കെസിബിസി ഫാമിലി കമ്മീഷന്‍ നേരിട്ടു നടത്തുന്ന പ്രത്യേക ശുശ്രൂഷയാണ് മൂകബധിരര്‍ക്കായുള്ള ശുശ്രൂഷ. ഇത്തരക്കാര്‍ക്കു വിവാഹം സാധ്യമാകാനുതകുന്ന വിധത്തില്‍ ഓണ്‍ലൈനായി ഒരു മാര്യേജ് ബ്യൂറോ ഫാമിലി കമ്മീഷന്‍റെ നേതൃത്വത്തില്‍ നടത്തിവരുന്നു. 
    മൂകബധിരരായവര്‍ക്കുവേണ്ടി സംസ്ഥാനതലത്തില്‍ വിവാഹ ഒരുക്ക സെമിനാറുകള്‍ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം കെസിബിസി ആസ്ഥാനമായ പിഒസിയില്‍ വച്ച് നടത്തപ്പെടുന്നു. ഇതു വിവാഹ ഒരുക്ക സെമിനാറിനൊപ്പം ഇത്തരക്കാര്‍ക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്തുന്നതിനുള്ള അവസരവും കഴിഞ്ഞ വര്‍ഷങ്ങളില്‍ വിവാഹിതരായവര്‍ക്ക് ഒത്തുചേരാന്‍ പറ്റുന്ന ഒരു സംഗമവേദിയും ഒരുക്കി നല്കുന്നു.  
സ്ത്രീ-പുരുഷ വിവാഹം
     കത്തോലിക്കാ സഭ വിവാഹം എന്ന കൂദാശകൊണ്ട് വിവക്ഷിക്കുന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തെയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന പ്രധാന ചര്‍ച്ച സ്വവര്‍ഗവിവാഹവുമായി ബന്ധപ്പെട്ടതാണ്. സുപ്രീം കോടതിക്കുമുമ്പില്‍ ഇന്ത്യാ ഗവണ്‍മെന്‍റ് സ്വവര്‍ഗവിവാഹത്തെ തള്ളിപ്പറയുന്നുവെന്നത് ആശ്വാസകരമാണ്. സഭയുടെ പ്രഖ്യാപിതനയമായ സ്ത്രീയും പുരുഷനും തമ്മിലുള്ള വിവാഹത്തിന്‍റെ പവിത്രതയെപ്പറ്റി അഭിവന്ദ്യ പിതാക്കന്‍മാരും മറ്റു ഉത്തരവാദിത്തപ്പെട്ട വ്യക്തികളും കാലികമായ പ്രബോധനങ്ങള്‍ സമയാസമയങ്ങളില്‍ നല്കിവരുന്നു.  ഘഏആഠ സമൂഹം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. അടുത്തയിടെ സംഭവിച്ച കോടതിവിധികള്‍ പലതും അവര്‍ക്കനുകൂലമാണ്. പ്രായം കൂടിയതുകൊണ്ടും മറ്റു പല പ്രശ്നങ്ങള്‍ കൊണ്ടും വിവാഹിതരാകാന്‍ സാധിക്കാതെ പോയ ചില യുവതീയുവാക്കളെങ്കിലും ഇത്തരം സമൂഹങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. നിശ്ചിത പ്രായപരിധിക്കുള്ളില്‍തന്നെ വിവാഹം നടത്തിക്കൊടുക്കാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്കികൊണ്ടിരിക്കുന്നു.  
പ്രോലൈഫ് സമിതി പ്രവര്‍ത്തനങ്ങള്‍
    വിവിധങ്ങളായ പ്രോലൈഫ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കെസിബിസി ഫാമിലി കമ്മീഷന്‍റെ കീഴില്‍ പ്രോലൈഫ് സംസ്ഥാന സമിതിയും അതിനു കീഴില്‍ മേഖലാ-രൂപതാ-ഇടവക സമിതികളും പ്രവര്‍ത്തിച്ചു വരുന്നു. പ്രോലൈഫ് എന്നാല്‍ 'ജീവനു വേണ്ടി' എന്നാണര്‍ത്ഥം. ജീവസംസ്കാരം ഉയര്‍ത്തിപിടിച്ചുകൊണ്ട് ജീവനുവേണ്ടി ചിന്തിക്കുക, പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക എന്നതാണ് പ്രോലൈഫ് പ്രസ്ഥാനത്തിന്‍റെ പ്രഖ്യാപിതനയം. ജീവനു ഭീഷണിയാകുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ മുന്നണിപ്പോരാളികളാകാന്‍ പ്രോലൈഫ് പ്രവര്‍ത്തകര്‍ സദാ സന്നദ്ധരാണ്. വിവിധ ജീവിതത്തുറകളില്‍പെട്ട പ്രോലൈഫ് ആശയങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്ന സകലരെയും കോര്‍ത്തിണക്കി പ്രവര്‍ത്തിപദത്തിലെത്തിക്കുക എന്ന ഉദാത്തലക്ഷ്യത്തോടെ പ്രോലൈഫ് പ്രവര്‍ത്തകര്‍ പ്രവൃത്തിപദത്തിലാണ്. 
    വിവാഹത്തിന്‍റെ ലക്ഷ്യത്തില്‍ത്തന്നെ സ്നേഹം, സന്താനോല്പാദനം, കുട്ടികളെ വിശുദ്ധിയില്‍ വളര്‍ത്തല്‍ മുതലായവ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കിലും ഇന്നു പലരും കുട്ടികളെ ജനിപ്പിക്കാന്‍തന്നെ വിമുഖരാണ്. ഇന്നത്തെ സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രോലൈഫ് പ്രശ്നവും ഒരുപക്ഷേ ഇതാകാം. കുടുംബാസൂത്രണ നിര്‍ദ്ദേശങ്ങള്‍ക്ക് ക്രൈസ്തവര്‍ നല്കിയ അമിതമായ പ്രാധാന്യം കൊണ്ടും മറ്റു പല സാമൂഹിക കാരണങ്ങള്‍കൊണ്ടും ഇന്നു ക്രൈസ്തവ ജനസംഖ്യ ഗണ്യമായ വിധത്തില്‍ കുറഞ്ഞിരിക്കുന്നു. കുട്ടികളുടെ ജനനം പ്രോത്സാഹനം അര്‍ഹിക്കുന്ന ഒരു കാര്യമായിത്തീര്‍ന്നിരിക്കുന്നു. 
    വലിയ കുടുംബങ്ങളെ ആദരിക്കല്‍, അവരെ സാമ്പത്തികമായും മറ്റും സഹായിക്കല്‍, വലിയ കുടുംബങ്ങളിലെ കുട്ടികളുടെ മാമോദീസ അഭിവന്ദ്യ പിതാക്കന്‍മാര്‍ നടത്തികൊടുക്കുന്ന രീതി വ്യാപകമാക്കല്‍, കൂടുതല്‍ മക്കള്‍ക്കു ജന്മം നല്കുന്ന സ്ത്രീകളുടെ പ്രസവചികിത്സാ ചിലവുകളും മറ്റും സൗജന്യമാക്കാനുതകുന്ന ക്രമീകരണങ്ങള്‍ വരുത്തല്‍, വലിയ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കല്‍, പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് അഡ്മിഷന് നിശ്ചിത ശതമാനം സംവരണം ഏര്‍പ്പെടുത്തല്‍ തുടങ്ങിയ നയപരമായ തീരുമാനങ്ങളിലൂടെ അവര്‍ക്കു നല്കുന്ന പ്രോത്സാഹനം അനുഭവവേദ്യമാക്കാന്‍ ആവശ്യമായ പദ്ധതികള്‍ വിദ്യാഭ്യാസകമ്മീഷന്‍, ഹെല്‍ത്ത് കമ്മീഷന്‍ മുതലായവയുടെ സഹകരണത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിക്കൊണ്ടിരിക്കുന്നു. 
    പ്രോലൈഫ് സംസ്കാരം ഉള്‍ക്കൊണ്ടുകൊണ്ട് ഇത്തരം നിരവധി പ്രവര്‍ത്തനങ്ങള്‍ എല്ലാ രൂപതകളും അവരുടേതായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ടു ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുന്നത് സന്തോഷകരമാണ്. ഇനിയും കൂടുതലായ ജീവസംസ്കാര പ്രവൃത്തികള്‍ ചെയ്യുന്നതിനുവേണ്ട കൂടിയാലോചനകളും ആശയവിനിമയങ്ങളും നടത്തിവരുന്നു. 
 എംടിപി ആക്ട് 1971 ഉം അനന്തര ഫലങ്ങളും 
    ഭ്രൂണം മനുഷ്യനാണ്. ഗര്‍ഭസ്ഥശിശുവിന്‍റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണ്. ഇന്ത്യ അംഗീകരിച്ച കിരാത നിയമമാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് 1971. അതിനെ തുറന്നെതിര്‍ക്കണം. അതു പിന്‍വലിക്കപ്പെടുന്നതിനുവേണ്ടി പ്രക്ഷോഭ ബോധവത്കരണ പരിപാടികള്‍ ആസൂത്രണംചെയ്യണം. അബോര്‍ഷനുമായി ബന്ധപ്പെട്ട് അടുത്തകാലത്തുണ്ടായ കോടതിവിധികള്‍ എല്ലാംതന്നെ എംടിപി ആക്ടിന്‍റെ വ്യാഖ്യാനങ്ങളായിരുന്നു. അത്തരത്തിലുള്ള സുപ്രീംകോടതി വിധിയാണ് 2022 സെപ്റ്റംബര്‍ 29 ലെ അവിവാഹിതര്‍ക്കും ഗര്‍ഭചിദ്രത്തിനുള്ള അവകാശം ഉണ്ടെന്ന പ്രസ്താവന.
    നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ റഗുലേഷന്‍ നിയമഭേദഗതി 2022 പ്രകാരം ആരോഗ്യരംഗത്ത് ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നേഴ്സുമാര്‍ തുടങ്ങിയവര്‍ക്ക് മതവിശ്വാസത്തിനനുസരിച്ച് നിലപാടുകള്‍ എടുക്കാന്‍ സാദ്ധ്യമല്ല എന്ന വ്യവസ്ഥ ഉള്‍പെടുത്തിയിരിക്കുന്നു. ഇതു ജനന നിയന്ത്രണം, വന്ധ്യത, അബോര്‍ഷന്‍ എന്നീ മേഖലകളില്‍ ക്രൈസ്തവ വിശ്വാസപ്രകാരം നിലപാടെടുക്കാന്‍ നിയമപരമായി സാദ്ധ്യമല്ലാത്ത സാഹചര്യം സൃഷ്ടിക്കുന്നു. ഇതിനെതിരെ ക്രൈസ്തവ ആശുപത്രികളില്‍ അബോര്‍ഷനും വന്ധ്യകരണവും നടത്തുകയില്ലെന്നും കൃത്രിമമാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുകയില്ലെന്നും തീരുമാനമെടുത്ത് അതനുസരിച്ച് സര്‍ക്കാര്‍ നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടതായിട്ടുണ്ട്. ഇത്തരം നിയമപ്രശ്നങ്ങള്‍ക്കെതിരെ ബോധവത്കരണപരിപാടികളിലൂടെയും നിയമപരമായി നേരിടാനാവുന്ന സാഹചര്യങ്ങളില്‍ അങ്ങനെയെും കത്തോലിക്കാ സഭ പ്രതികരിച്ചുകൊണ്ടിരിക്കുന്നു. നിയമനിര്‍മാണ സഭകളില്‍തന്നെ ജീവസംസ്കാരത്തെ അനുകൂലിക്കുന്നവരുടെ ഒരു കൂട്ടായ്മയും പ്രവര്‍ത്തനവും കമ്മീഷന്‍റെ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. 
 വൃദ്ധജന സൗഹൃദ ഇടങ്ങളായ സഭാവേദികള്‍
    നമ്മുടെ സംസ്കാരത്തില്‍ നിന്ന് ഏറെ അകന്ന ആധുനികകാല പ്രവണതയാണ് വൃദ്ധസദനങ്ങളുടെയും മറ്റും പെരുപ്പം സൂചിപ്പിക്കുന്നത്. വാര്‍ദ്ധക്യകാലം ആസ്വാദ്യകരവും സമൂഹത്തിനും കുടുംബത്തിനും പ്രയോജനകരവുക്കാനുതകുന്ന വിധത്തില്‍ കുടുംബങ്ങളും സഭാവേദികളും വൃദ്ധജന സൗഹൃദ ഇടങ്ങളായി രൂപപ്പെടാനുതകുന്ന നയതീരുമാനങ്ങള്‍ കരുപിടിപ്പിക്കാന്‍ ഫാമിലി കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണ്.          കെസിബിസി മീഡിയ കമ്മീഷന്‍ കെസിബിസി ഫാമിലി കമ്മീഷന്‍റെ കൂടി സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പാക്കിയ ഒരു പരിപാടിയാണ് 'മധുരം സായന്തനം.'  ജീവിതത്തിന്‍റെ സായാഹ്നത്തിലെത്തിയവര്‍ക്ക് മാസത്തില്‍ ഒരിക്കല്‍ ഒത്തുചേരാനൊരു ഇടം ഇതിന്‍റെ ലക്ഷ്യം. എല്ലാ മാസവും കെസിബിസി കേന്ദ്ര കാര്യാലയമായ പിഒസിയില്‍ വച്ച് ഇത്തരം സമ്മേളനങ്ങള്‍ നടന്നുവരുന്നു. വന്നുചേരുന്നവര്‍ അവരുടേതായ രീതിയില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു, ചര്‍ച്ചകള്‍ നടത്തുന്നു, ചില വിഷയാവതരണങ്ങള്‍  ശ്രദ്ധിക്കുന്നു, വളരെ സ്വതന്ത്രമായൊരു ഒത്തുചേരല്‍. പങ്കെടുക്കുന്നവര്‍ക്കെല്ലാം അതു ഏറെ ആസ്വാദ്യകരമായ അനുഭവമായി തോന്നി. ഇത്തരം വേദികള്‍, വൃദ്ധജനങ്ങളെ കേള്‍ക്കാനും അവര്‍ക്കു പറയാനുമുള്ള അവസരങ്ങള്‍ എല്ലാ പള്ളികളോടും ചേര്‍ന്ന് ഉണ്ടാകണമെന്നതാണ് നമ്മുടെ ലക്ഷ്യം. 'പള്ളിമുറ്റം' എന്നപേരില്‍ യുവജനകൂട്ടായ്മക്കായി ചില രൂപതകളില്‍ ഇന്നു വേദികളുണ്ട്.  അത്തരം വേദികള്‍ വൃദ്ധജന സംഗമത്തിനായി കൂടി ഒരുക്കാന്‍ നമ്മള്‍ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. 
യൂദിത്ത്-നവോമി ഫോറം
    'വൈധവ്യം സാക്ഷാല്‍ ധീരതയോടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു വിധവകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ഫോറമാണ് യൂദിത്ത്-നവോമി ഫോറം. വിധവകളെ നമ്മുടെ വക്താക്കളായി വളര്‍ത്താന്‍ സഹായിക്കുക, വിധവയെന്ന വാക്കില്‍ സമൂഹം ഉള്‍ചേര്‍ത്തിരിക്കുന്ന നിഷേധാത്മകതയെ ഉന്മൂലനം ചെയ്ത് വിധവയെന്നു പറയാന്‍ ധൈര്യമുള്ളവരാക്കുക, തനിച്ചു  മക്കളെ വളര്‍ത്തുമ്പോഴുണ്ടാകുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഹായിക്കുക തുടങ്ങിയവയാണ് യുദിത്ത്-നവേമി ഫോറത്തിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍. ഇടവകാതല പരിശീലനം, കൗണ്‍സലിംഗ്, ധ്യാനം, സാമ്പത്തിക സഹായം, നിയമപരമായ സഹായം തുടങ്ങിയവയാണ് പ്രവര്‍ത്തനരീതികള്‍. ഫോറത്തിന് സംസ്ഥാനതല ഭരണസമിതിക്കു കീഴിലായി മേഖലാ-രൂപത-ഇടവകാതല ഭരണസമിതിയും ഭാരവാഹികളുമാണുള്ളത്. 
ഏകസ്ഥ കൂട്ടായ്മ
    വിവാഹം നടക്കാതെ പോയ ഏകസ്ഥരായ സ്ത്രീകളുടെ കൂട്ടായ്മയാണ് ഫാമിലി കമ്മീഷന്‍റെ കിഴില്‍ പ്രവര്‍ത്തിക്കുന്ന 'സൊസൈറ്റി ഓഫ് മരിയന്‍ സിംഗിള്‍സ്.' തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ ചാരിറ്റബില്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന കേന്ദ്രം കോതമംഗലം രൂപതാതിര്‍ത്തിയില്‍പെട്ട ഊന്നുകല്ലാണ്. ഊന്നുകല്‍, കറുകുറ്റി തുടങ്ങിയ സെന്‍ററുകളില്‍ അംഗങ്ങള്‍ എല്ലാ മാസവും ഒത്തുകൂടുകയും ബലിയര്‍പ്പണം, പ്രാര്‍ത്ഥന, സെമിനാറുകള്‍ കൗണ്‍സലിംഗുകള്‍ മുതലായവയിലൂടെ പരസ്പരം പിന്താങ്ങുകയും ശക്തിപ്പെടുത്തുകയും ചെയ്തുവരുന്നു. സഭയുടെ പ്രത്യേക കാരുണ്യത്തോടെയുള്ള കരുതല്‍ അര്‍ഹിക്കുന്ന ഒരു ഗണമാണ് നിരാലംബരായ ഈ സഹോദരിമാരുടേത്. 
കുടുംബപ്രഷിതത്തിന്‍റെ സഹകാരികള്‍
    കേരളത്തിലെ കുടുംബ ശുശ്രൂഷാ കൂട്ടായ്മക്ക് നേതൃത്വം കൊടുക്കന്‍ വളരെ ബൃഹത്തായ ഒരു നേതൃനിരയാണുള്ളത്. കെസിബിസി ഫാമിലി കമ്മീഷന്‍റെ കീഴില്‍ ഓരോ വ്യക്തിസഭയ്ക്കും ഏകോപനത്തിനായി ഒരു ഡയറക്ടറും സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നു. രൂപതകളിലെ കുടുംബ ശുശ്രൂഷകള്‍ രൂപതാ ഡയറക്ടറാണ് ഏകോപിപ്പിക്കുന്നത്. എല്ലാ രൂപതകള്‍ക്കും വിവാഹ ഒരുക്ക സെമിനാറുകള്‍ പോലുള്ള സ്ഥിരം പരിപാടികള്‍ക്കായുള്ള പരിചയസമ്പന്നരായ റിസോഴ്സ് ടീമിനു പുറമേ കൗണ്‍സലിംഗ് സെന്‍ററുകളും പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാരും ഹോംവിഷന്‍ നടത്താന്‍ പറ്റുന്ന പ്രഗത്ഭരും എല്ലാം ഉള്‍കൊള്ളുന്ന വിദഗ്ദ്ധരായ സര്‍വീസ് ടീമിന്‍റെ സേവനം എപ്പോഴും ലഭ്യമാണ്. ഇത്തരക്കാര്‍ക്കായി കെസിബിസി തലത്തില്‍ ഒത്തുചേരല്‍ അവസരങ്ങളും തുടര്‍ പരിശീലന പരിപാടികളും മറ്റും സംഘടിപ്പിച്ചു വരുന്നു. 
    കുടുംബം എന്ന അടിസ്ഥാന ക്രൈസ്തവ സമൂഹത്തെ ബാധിക്കുന്ന എല്ലാ മേഖലകളും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കുടുംബനയരേഖ   രൂപപ്പെടുത്തുന്നതിന്‍റെ പണിപ്പുരയിലാണ് ഫാമിലി കമ്മീഷന്‍ ഇപ്പോള്‍ ആയിരിക്കുന്നത്. 

 

റവ. ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍