പ്രോലൈഫ് ആഭിമുഖ്യങ്ങള്‍

Homeപ്രോലൈഫ് ആഭിമുഖ്യങ്ങള്‍

യേശുനാഥന്‍ പറയുന്നു; "ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകുവാനും അതു സമൃദ്ധമായി ഉണ്ടാകുവാനുമത്രേ"(യോഹ 10:10)
    മനുഷ്യര്‍ക്ക്  ജീവന്‍റെ നിറവ് നല്കാനവതരിച്ച കര്‍ത്താവിന്‍റെ  ഉത്തമശിഷ്യരായി നിലനിന്നുകൊണ്ട് ജീവന്‍റെ സമൃദ്ധിക്കായി ചിന്തിക്കുകയും പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് പ്രോലൈഫേഴ്സ്. 
    പ്രോലൈഫ് എന്ന വാക്കിന്‍റെ അര്‍ത്ഥം തന്നെ 'ജീവനുവേണ്ടി' എന്നാണ്. 
    ജീവനുവേണ്ടി നിലകൊള്ളുന്ന ഏവരെയും ഏറെ  ദുഖത്തിലാഴ്ത്തിയ ഒരു വാര്‍ത്ത കണ്ടുകൊണ്ടാണ് ഈ വാരം പിറന്നത്. മുപ്പത്തിരണ്ടാഴ്ച പ്രായമായ ഒരു ഭ്രൂണത്തെ കൊല്ലാന്‍ കേരള ഹൈക്കോടതി അനുമതി നല്കിയിരിക്കുന്നു. 
    പതിനഞ്ചു വയസ്സുമാത്രം പ്രായമുള്ള ഒരു കുട്ടിയാണ് അമ്മ എന്നതും ആ കുട്ടിയുടെ ശാരീരിക മാനസിക അവസ്ഥയും അവളുടെ മാതാപിതാക്കളുടെയും കുടുംബത്തിന്‍റെയും പ്രശ്നങ്ങളും എല്ലാം ഹൈക്കോടതി പരിഗണിച്ചു; പരിഗണിക്കുകതന്നെ വേണം.
    പക്ഷേ, ഒരു ചോദ്യം ഉന്നയിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. എട്ടുമാസം പ്രായമുള്ള ഒരു കുട്ടിയെ കൊല്ലാതെ ഈ പ്രശ്നങ്ങള്‍ക്ക് പ്രതിവിധിയില്ലേ?
    ഭ്രൂണം മനുഷ്യനാണ്. മനുഷ്യജീവന്‍ അതിന്‍റെ ആരംഭം മുതല്‍ അതിന്‍റെ സ്വാഭാവികമായ അന്ത്യംവരെ പാവനമായി സംരക്ഷിക്കപ്പെടേണ്ടതാണ്. ജീവന്‍ നശിപ്പിക്കുന്നത് പാപവും കുറ്റവുമാണ്. ഗര്‍ഭസ്ഥ ശിശുവിനെ കൊല്ലുന്നത് ഏറ്റവും ഹീനമായ പാപമാണ്. ഇതാണ് പ്രോലൈഫ് ആഭിമുഖ്യങ്ങളില്‍ ഒന്നാമത്തെ ദര്‍ശനം. 
    ആയിരത്തിതൊള്ളായിരത്തി എഴുപത്തിയൊന്നു മുതല്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമായ രാജ്യമാണ് ഇന്ത്യ. മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ട് 1971 എന്ന കരിനിയമം വഴി ഭാരതത്തില്‍ ഭ്രൂണഹത്യ അനുവദനീയമാണ്. ഈ നിയമത്തിനുണ്ടായ ഏറ്റവും പുതിയ പരിഷ്കരണം 2021 ലേതാണ്. അവിടെ ഭ്രൂണഹത്യ കൂടുതല്‍ ഉദാരമായി.
    ആദ്യത്തെ നിയമത്തില്‍ ഇരുപതു ആഴ്ച വരെ പ്രായമായ ഭ്രൂണത്തെ കൊല്ലാന്‍ നല്കിയിരുന്ന അനുമതിയാണ് നിരവധി പരിഷ്കരണ വ്യാഖ്യാനങ്ങള്‍ക്കൊടുവില്‍ ഇന്നു മുപ്പത്തിരണ്ടാഴ്ച എന്ന പ്രായത്തില്‍ എത്തിനില്ക്കുന്നത്. 
    നിയമത്തില്‍ ഭ്രൂണഹത്യ സാധ്യമാക്കാന്‍ പറയുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളും ഒന്നും ഇവിടെ വിശദീകരിക്കുന്നില്ല. കത്തോലിക്കാസഭയുടെ നയം വ്യക്തമാണ്. കെസിബിസി പ്രോലൈഫ് സമിതിയും അതിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന രൂപതാ പ്രോലൈഫ് സമിതികളും അത് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. 
    ഞങ്ങള്‍ ഇവിടെ ഗര്‍ഭസ്ഥശിശുവിന്‍റെ പക്ഷത്താണ്. സ്വന്തം മാതാപിതാക്കള്‍ക്കുപോലും വേണ്ടാത്ത ആ ജീവിതങ്ങള്‍ സംരക്ഷിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരുമാണ്. അവരെ ജനിക്കാന്‍ അനുവദിക്കണം. ജീവിക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഞങ്ങളാലാകുന്നവിധം ഞങ്ങളൊരുക്കാം. 
    മനുഷ്യജീവനെ കൊല്ലുന്ന ഭ്രൂണഹത്യക്കെതിരെ ജീവന്‍റെ സംരക്ഷണയ്ക്കായി സാധ്യമായ ഇടപെടലുകള്‍ പ്രോലൈഫ് സമിതികള്‍ നടത്തികൊണ്ടിരിക്കുന്നു. 

ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പറമ്പില്‍
 സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷന്‍